District News
കട്ടപ്പന: കിടപ്പുരോഗികളുടെ ക്ഷേമത്തിനും പരിചരണത്തിനുമായി റോട്ടറി ക്ലബ് ഓഫ് അണക്കര ആവിഷ്കരിച്ച "ഒപ്പം' പാലിയേറ്റീവ് കെയര് എക്യുപ്മെന്റ്സ് ലൈബ്രറി ഇന്നു വൈകുന്നേരം ആറിന് ഡീന് കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. അണക്കര അച്ചൂസ് ബില്ഡിംഗ് ഓഡിറ്റോറിയത്തില് നടക്കുന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സാബു കെ. തോമസ് അധ്യക്ഷത വഹിക്കും. കിടപ്പുരോഗികള്ക്ക് ആവശ്യമായ മെഡിക്കല് - പാലിയേറ്റീവ് കെയര് ഉപകരണങ്ങള്, പഞ്ചായത്തംഗത്തിന്റെ കത്ത് ഹാജരാക്കിയാല് ലൈബ്രറിയില്നിന്ന് വിതരണം ചെയ്യും.
ഉപകരണം പിന്നീട് ഉപയോഗശേഷം തിരികെ ലൈബ്രറിയില് എത്തിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആശുപത്രി കിടക്കകള്, വാട്ടര് ബെഡ്ഡുകള്, ഓക്സിജന് ബെഡ്ഡുകള്, വീല്ചെയറുകള് തുടങ്ങിയവയാണ് നല്കുന്നത്. പൊതുജനങ്ങള്ക്കും പദ്ധതിയില് പങ്കാളികളാകാം. പുതിയ പാലിയേറ്റീവ് കെയര് ഉപകരണങ്ങള് സംഭാവന ചെയ്യാനും വീടുകളില് സൂക്ഷിച്ചിട്ടുള്ള ഉപയോഗയോഗ്യമായ ഉപകരണങ്ങള് നല്കാനും അവസരമുണ്ട്.
സംഭാവന ചെയ്ത ഉപകരണം എത്രപേര് ഉപയോഗിച്ചുവെന്ന് മൂന്നു മാസത്തിലൊരിക്കല് ദാതാക്കളെ അറിയിക്കുമെന്നും ഭാരവഹികളായ സാബു കെ. തോമസ്, റോബിന് തൃട്ടയില്, ജോമി പയ്യലുമുറി, സാബു വയലില്, മാണി ഇരുമേട എന്നിവര് അറിയിച്ചു.
District News
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രദർശനം നടത്തി. 260-ലേറെ മഹാരഥന്മാരുടെയും മൺമറഞ്ഞവരുടെയും വാർത്തകൾ ഉൾക്കൊള്ളുന്ന പത്രങ്ങളാണ് ലൈബ്രറിയുടെ ശേഖരത്തിൽ നിന്ന് പ്രദർശനത്തിനൊരുക്കിയത്. പ്രദർശനവും ഐ.വി. ദാസ് അനുസ്മരണവും വായന പക്ഷാചരണ സമാപനവും എസ്പിവി എൻഎസ്എസ് യുപി സ്കൂൾ പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലതാ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം ഐ.വി. ദാസ് അനുസ്മരണപ്രഭാഷണം നടത്തി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ലൈബ്രറിയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ജേക്കബ് ഹൾ (46), റോബർട്ട് ജോൺസൺ (74) എന്നിവരാണ് മരിച്ചത്. ചിക്കോയിലെ ബട്ട് കൗണ്ടി ലൈബ്രറിക്കുള്ളിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച 18 വയസുകാരനായ പ്രതിയെ പോലീസ് പിടികൂടി.
ആദ്യം ലൈബ്രറിക്കുള്ളിൽ കുറച്ചു സമയം ചിലവഴിച്ച പ്രതി പിന്നീട് അയാളുടെ വാഹനത്തിലേക്ക് പോയി തോക്കുമായി തിരികെ വന്ന് വെടിയുതിർക്കുകയായിരുന്നു. ലൈബ്രറിയുടെ പ്രവേശന കവാടത്തിൽ വച്ച് പ്രതി ഒരാളുടെ കാലിലും തലയിലും വെടിവച്ചു. തുടർന്ന് അകത്തു കയറി നിരവധി തവണ വെടിയുതിർക്കുകയും ചെയ്തയായി പോലീസ് പറഞ്ഞു.
പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമല്ല. ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്നും വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
District News
പരിയാരം: വായന ദിനത്തിൽ ബസ് സ്റ്റോപ്പ് വായനശാലയാക്കി. പഞ്ചായത്ത് 14-ാം വാർഡിൽ വേളൂക്കര സായിവിന്റെ സ്റ്റോപ്പിലെ പുതിയ ബസ് സ്റ്റോപ്പാണ് യാത്രക്കാർക്കായി വായനശാലയായത്.
പറുദീസ റിട്ടയർമെന്റ് ലിവിംഗ് ഹോംസ് എന്ന സ്ഥാപനമാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച് അതിരപ്പിള്ളി അന്തർസംസ്ഥാന പാതയിൽ ആധുനികരീതിയിൽ ബസ് സ്റ്റോപ്പ് നിർമിച്ച് നൽകിയത്. എന്നാൽ വാർഡ് മെംബർ കൂടിയായ വി.എം. ടെൻസന്റെ ആശയത്തിൽ ലോക വായനദിനവുമായി ബന്ധപ്പെടുത്തി കാത്തിരിപ്പ് കേന്ദ്രം വായനശാലയാക്കി ക്രമീകരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിൻവശത്ത് പുസ്തകങ്ങൾ വയ്ക്കുവാൻ പുതിയൊരു ഷെൽഫ് പണികഴിപ്പിച്ചു.
300 ഓളം പുസ്തകങ്ങൾ ശേഖരിച്ചു. ബസ് കാത്തുനിൽക്കുന്ന സമയത്തെ വിരസത ഒഴിവാക്കി, പുസ്തകങ്ങൾ വായിക്കാം എന്നുമാത്രമല്ല പുസ്തകങ്ങൾ രജിസ്റ്ററിൽ എഴുതി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യാം.
വായനശാലയുടെയും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിപ്സി ജെയ്റ്റസ് വായനദിന സന്ദേശംനൽകി. വാർഡ് മെംബർ വി.എം. ടെൻസൻ, പറുദിസ റിട്ടയർ ലിവിംഗ് ഹോംസിന്റെ മാനേജിംഗ് ഡയറക്ടർ ജീസ് ലാസർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്ണു, ലിജി സെബാസ്റ്റ്യൻ, എം.കെ. അംബിക, ജോസഫ് കറുത്തനാടൻ, എം.എൽ. ജോസഫ്, വി.സി. സ്റ്റാബി, ഷൈനി അശോകൻ, ടി.സി. അനൂപ് എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: വായനയുടെ മഹത്വവും പുസ്തകസംസ്കാരത്തിന്റെ പ്രാധാന്യവും വിദ്യാർഥികളിലേക്കു പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഡോണ് ബോസ്കോ സെൻട്രൽ സ്കൂളിൽ ആരം ഭിച്ച പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം പൂർവ വിദ്യാർ ഥിയും ബിസിനസുകാരനുമായ വിപിൻ പാറമേക്കാട്ടിൽ നിർവഹിച്ചു.
മാതാപിതാ ക്കളായ പി.എം. ഗോപാലന്റെയും ലീലാ ബാല ന്റെയും സ്മരണാർഥം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും അദ്ദേഹം സംഭാവന ചെയ്തു. ഇതോടനു ബന്ധിച്ച് വായന ദിനാചരണവും സംഘടിപ്പിച്ചു. സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി ആശംസകൾ നേർന്നു. വിദ്യാർഥിപ്രതിനിധികളായ ഇമ്മാനുവൽ പോൾ പുസ്തകവായനയും മെറിസ കവിതാപാരായണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ സ്വാഗ തവും ലൈബ്രേറിയൻ അനുപമ വേണുഗോപാൽ നന്ദിയും പറഞ്ഞു.
District News
ആലപ്പുഴ: ഗ്രാമീണ ഗ്രന്ഥശാലകള് ഇനി ഡിജിറ്റലൈസ്ഡ്. വായനശാലകളിലെ പുസ്തകങ്ങള് ഇനി നിങ്ങളുടെ മൊബൈലിൽ അറിയാം. നമ്മുടെ നാട്ടിലെ ലൈബ്രറികളിലേക്ക് വായനക്കാരെ കൂടുതല് ആകര്ഷിക്കുന്നതിന് മൊബൈല് ആപ്ലിക്കേഷന് രൂപകല്പന ചെയ്തിരിക്കുകയാണ് ഇന്ഫോ ലൈബ്രറി എന്ന ഡിജിറ്റല് പ്ലാറ്റ് ഫോം. ഒരു വായനക്കാരന് ഒരു പുസ്തകം ഏത് വായനശാലയിലുണ്ടെന്ന് അറിയുന്നതിന് ആപ്പിലെ പുസ്തക രജിസ്റ്ററുകള് നോക്കിയാല് മതിയാകും. വായനശാലയില് നേരിട്ടെത്താതെ തന്നെ മെമ്പര്ഷിപ്പെടുക്കുന്നതിനും സാധിക്കും. വായനശാലയിലുള്ള പുസ്തകങ്ങള് ഓണ്ലൈനായി ഓര്ഡര് ചെയ്യാന് ഒരു റീഡേഴ്സ് അപ്ലിക്കേഷനും ഇതിന്റെ ഭാഗമായിട്ടുണ്ട്. ഓര്ഡര് അനുസരിച്ച് പുസ്തകങ്ങള് വായനക്കാരുടെ വീട്ടിലെത്തിച്ചു കൊടുക്കാന് വായനശാല പ്രവര്ത്തകര്ക്ക് സാധിക്കും.
പുസ്തക എന്ട്രിയും മെമ്പര്ഷിപ്പ് രജിസ്ട്രേഷനും നടത്തിയതിനുശേഷം വായനക്കാരന് പുസ്തകങ്ങള് നല്കുന്നതിനും തിരിച്ചു വാങ്ങുന്നതിനും ഒപ്പം നല്കിയതിന്റെയും തിരിച്ചുകിട്ടിയതിന്റെയുമൊക്കെ റിപ്പോര്ട്ടുകള് എടുക്കുന്നതിനും സാധിക്കും.
നല്കിയ പുസ്തകങ്ങള് തിരികെ കിട്ടിയിട്ടില്ലെങ്കില് അവരെ ആപ്ലിക്കേഷനിലൂടെ തന്നെ കോള് ചെയ്യുന്നതിനും എസ്എംഎസ്, വാട്സ്ആപ്പ് മെസേജുകള് നല്കി പുസ്തകങ്ങള് തിരികെ വാങ്ങുന്നതിനുമുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്. ആലപ്പുഴ ജില്ലയിലെ മുഴുവന് ലൈബ്രറികളും ലൈബ്രറി കൗണ്സിലിന്റെ പിന്തുണയോടെ ആപ്പില് ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ഒറ്റ മാസം കൊണ്ടാണ് പുസ്തകങ്ങളുടെ ഡാറ്റാ എന്ട്രി നടത്തിയത്.
ഹരിപ്പാട് ആറാട്ടുപുഴയിലെ എകെജി ഗ്രന്ഥശാല സെക്രട്ടറികൂടിയായ എസ്. സുധിയാണ് ആപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. ലൈബ്രറിയിലുള്ള ഒരു പുസ്തകം ആപ്പില് ഡേറ്റ എന്ട്രി നടത്തുന്നതിനായി ആ പുസ്തകത്തിന്റെ പേരു മാത്രം നല്കിയാല് മതി.
ബാക്കിയുള്ള എല്ലാ കോളങ്ങളും ഓട്ടോഫില് ആകുന്ന രീതിയില് പുസ്തകങ്ങളുടെ ഡേറ്റ ബേസുമായി ആപ്പ് കണക്ടാണ് ആന്ഡ്രോയ്ഡ് ഫോണുകളുടെ പ്ലേസ്റ്റോറില് ലഭ്യമായ ഈ ആപ്ലിക്കേഷനിലൂടെ ചെറുപ്പക്കാരെ വായനശാലകളിലേക്കും വായനയിലേക്കും തിരികെ കൊണ്ടുവരുവാന് സാധിക്കുമെന്ന ഉറച്ച ബോധ്യത്തിലാണ് സോഫ്റ്റ്വെയറിന്റെ പിന്നണിയിലുള്ളവര്.
Kerala
കണ്ണൂര്: ഇന്ഫര്മേഷന് ആൻഡ് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ കണ്ണൂര് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ അനക്സായി കളക്ടറേറ്റിൽ പ്രവര്ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഈ മുറി നേരത്തെ ജില്ലാ ഇഫര്മേഷന് ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ പ്രവര്ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ പ്രവര്ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു.
മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്സ് ലൈബ്രറി ആൻഡ് ഫീല്ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്. മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന് സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു.
ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്. ബ്രിട്ടീഷ് മലബാറിന്റെയും സ്വതന്ത്ര മലബാറിന്റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്ഫര്മേഷന് ഓഫീസ് സംയോജിത വാര്ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില് നിയമിതരായ ഇന്ഫര്മേഷന് അസിസ്റ്റന്റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്സിന്റെ ഭാഗമായ റെക്കോഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.
District News
ഏരുവേശി: സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടത്തിവരുന്ന വായനക്കളരിയുടെ ഭാഗമായി ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന യാത്രയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു. എം.നാരായണൻ, എം.സന്തോഷ് കുമാർ, എം.സി. അഭിലാഷ്, പി.എസ്. രജീഷ്, അനുഷ ഷിബിൻ, അശ്വനി നിജിൽ, സംഗീത വിനിൽ, പി.കെ. മഞ്ജുള, വി. കൈലാസ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
District News
കണ്ണൂർ: മാവിലായിയിൽ വായനശാലയ്ക്കു നേരേ ആക്രമണം. ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം. മാവിലായി മൂന്നാം പാലം നവജീവൻ വായനശാലയുടെ ജനൽ ചില്ലുകളാണ് അക്രമികൾ തകർത്തത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഇതിനു മുന്പ് പലതവണ ഈ വായനശാലയ്ക്കു നേരെ അക്രമം നടന്നിരുന്നു.
District News
ഓയൂർ: അമ്പലംകുന്ന് മുത്താരംകുന്ന് വായനശാലയുടെ നവീകരിച്ച കെട്ടിടത്തി െ ന്റ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം പ്രേംകുമാർ നിർവഹിച്ചു. വായനയും കലയും സമൂഹത്തി െ ന്റ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രന്ഥശാല പ്രസിഡന്റ്് അഡ്വ.അഭയ അധ്യക്ഷത വഹിച്ചു. വായനശാലയുടെ പ്രസിദ്ധീകരണമായ 'മുത്താരം' മാസികയുടെ പ്രകാശനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി.എൻ.മുരളി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ഗ്രന്ഥശാല സംഘം കൊട്ടാരക്കര താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജൻ ബോധി നിർവഹിച്ചു.
വാർഡ് മെമ്പർ അഭീഷ് കൃഷ്ണൻ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിന് നേതൃത്വം നൽകി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി ജി.ആർ.സജിത്ത്, ബാലവേദി സെക്രട്ടറി ജീവരാജ്, യുവജനവേദി ജോ.സെക്രട്ടറി കീർത്തന, വനിതാവേദി സെക്രട്ടറി ബിജി, ഭരണസമിതി അംഗം ഡോ.വി.എസ്.ആതിര എന്നിവർ പ്രസംഗിച്ചു. വായനശാലയുടെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ച ചിത്രകാരൻ സുരേഷ് ഉപാസനയെ ചടങ്ങിൽ ആദരിച്ചു.
District News
ആനമങ്ങാട്: ഒരു വർഷക്കാലം നീണ്ട എടത്തറ പൊതുജനവായനശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കവിയരങ്ങ്, കഥാചർച്ച, പ്രഭ പുരസ്കാര സമർപ്പണം, നാടകങ്ങൾ, പരിചമുട്ടുകളി, തിരുവാതിരകളി, നാടൻപാട്ട്, ഒപ്പന, ഐവർകളി, പൊതുസമ്മേളനം തുടങ്ങിയ മൂന്നുരാപ്പകലുകൾ നീണ്ട പരിപാടികളോടെയായിരുന്നു സമാപനം.
നജീബ് കാന്തപുരം എംഎൽഎസമാപന യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി. അഫ്സൽ അധ്യക്ഷനായിരുന്നു. ആലിപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ മേക്കോട്ടിൽ, വൈസ് പ്രസിഡന്റ് ടി.പി. മോഹൻദാസ്, ജില്ലാ പഞ്ചായത്ത് മെംബർ സാജിത, ബ്ലോക്ക് പഞ്ചായത്ത് മെംബർ സഫ് വാൻ, ഷീജമോൾ, ശാലിനി, സുഗത് കുമാർ, പി.ടി. ശങ്കരൻ, കെ.എം. ഉബൈദുള്ള, എൻ. പീതംബരൻ, സി.കെ. അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി കെ.എം. അബ്ദുൾ ഗഫൂർ സി.കെ. മുഹമ്മദ് ജാഫർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.
District News
ചവറ : ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സോഫിയാ സലാം അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ആർ.ജിജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രിയാ ഷിനു, ജോയ് ആന്റണി,എ.സീനത്ത് ബി ഡിഒ പ്രേംശങ്കർ എന്നിവർ പ്രസംഗിച്ചു.